ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്.
ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്.
2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.
യുഎസിന്റെ അഭിനന്ദനം
ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അമേരിക്ക അഭിനന്ദിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ബിഎൻപിക്കും ആശംസകൾ നേരുന്നതായും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കുമായി പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നതായും യുഎസ് സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പറഞ്ഞു.
ഇന്ത്യയോടുള്ള സൗഹൃദം
പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരിഖിന്റെ മറുപടി. ഇന്ത്യയുമായുള്ള സൗഹൃദം വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പറഞ്ഞിരുന്നു.